കാസര്‍കോട്: പ്രമുഖരുടെ മക്കളൊക്കെ വീട്ടിനുള്ളില്‍ ഊഞ്ഞാല്‍കെട്ടി ആടുന്നതു കണ്ട അന്യസംസ്ഥാന തൊഴിലാളിയുടെ മകന്‍ മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്തു മാതാവിന്റെ സാരിയെടുത്തു ഊഞ്ഞാല്‍കെട്ടി ആടുന്നതിനിടയില്‍ സാരി കഴുത്തില്‍ കുരുങ്ങി മരിച്ചു.
ആന്ധ്ര ചിറ്റൂര്‍ സ്വദേശിയും കാസര്‍കോടു നാലാംമൈലില്‍ താമസക്കാരനുമായ മസ്താന്റെ മകന്‍ ഉമ്മര്‍ ഫാറൂഖാണ് മരിച്ചത്. വളരെക്കാലം മുമ്പു സംസ്ഥാനത്തെത്തിയ ഇയാള്‍ പലജില്ലകളിലും താമസിച്ചു കൂലിപ്പണിയെടുത്താണ് കൂടുംബം പുലര്‍ത്തുന്നതെന്നു പറയുന്നു. ആറുമാസം മുമ്പാണ് നാലാംമൈലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസമാരംഭിച്ചത്. മസ്താന്‍ ജോലിതേടി വീട്ടില്‍നിന്നു പോയതായിരുന്നു. മാതാവ് നസ്രീന്‍ കടയില്‍ പോയ നേരത്തായിരുന്നു സംഭവമെന്നു പറയുന്നു. തസ്ലീന്‍, മെഹസാബ് എന്നിവരാണ് ഉമ്മര്‍ ഫാറൂഖിന്റെ സഹോദരങ്ങള്‍.
