പത്തനംതിട്ട: കടബാധ്യതയെത്തുടര്‍ന്ന് ആത്മഹത്യക്കു ശ്രമിച്ച മൂന്നംഗകുടുംബത്തിലെ ഗൃഹനാഥ മരിച്ചു.
പത്തനംതിട്ട കൊടുമണ്‍ രണ്ടാംകുറ്റി വേട്ടക്കോട്ടെ ലീല (50)യാണ് മരിച്ചത്. ഭര്‍ത്താവ് നീലാംബരന്‍, മകന്‍ ദിപിന്‍ കുമാര്‍ എന്നിവരെ ഗുരുതരനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ അവശനിലയിലായിരുന്ന നീലാംബരന്‍ വിവരം ബന്ധുവിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ അയല്‍ക്കാര്‍ അവശനിലയില്‍ കാണപ്പെട്ട ഇവരെ ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പരിശോധനയില്‍ ലീലയുടെ മരണം സ്ഥിരീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയാണ് ലീല. ഇവര്‍ 70,000 രൂപ ബാങ്ക് വായ്പയെടുത്തിരുന്നുവെന്നും കുടിശ്ശിക ആയതിനെത്തുടര്‍ന്നു ബാങ്കുകാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ വിഷമത്തിലാണ് ആത്മഹത്യാശ്രമമെന്നു പറയുന്നു.
