കാസർകോട്: തിങ്കളാഴ്ച കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എന്ന് സോഷ്യൽ മീഡിയയിൽ പ്രചരണം. വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കളക്ടറുടെ ഫേസ്ബുക്ക് പേജിന്റെ സ്ക്രീൻഷോട്ട് ഇട്ടാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസർകോട് ജില്ലയിൽ നാളെ മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. മഴയുടെ ശക്തി കുറയുകയും ജലാശയങ്ങളിൽ ജലനിരപ്പ് താഴുകയും ചെയ്ത സാഹചര്യത്തിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
