ന്യൂഡല്‍ഹി: ഡല്‍ഹിയിലെ യുവാവിന്റെ മരണത്തില്‍ ഭാര്യയും ഭര്‍ത്താവിന്റെ അടുത്ത ബന്ധുവും അറസ്റ്റില്‍. കരണ്‍ദേവ് എന്ന 36 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ സുസ്മിത (35), കൊല്ലപ്പെട്ട കരണിന്റെ ബന്ധു രാഹുല്‍ (24) എന്നിവര്‍ അറസ്റ്റിലായി. ജൂലൈ 13 നാണ് കരണ്‍ ദേവ് മരണപ്പെട്ടത്. ഉറക്ക ഗുളിക കൊടുത്ത് മയക്കിയ ശേഷം വൈദ്യുതാഘാതമേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കരുണിനെ ഭാര്യ സുസ്മിത മാതാ രൂപ്രാണിയാണ് മാഗോ ആശുപത്രിയിലേക്ക് എത്തിച്ചത്. കരണിന് അബദ്ധത്തില്‍ വൈദ്യുതാഘാതമേറ്റതായാണ് ഡോക്ടറോട് പറഞ്ഞത്. എന്നാല്‍, ആശുപത്രിയിലെത്തിയപ്പോഴേക്കും കരണ്‍ മരിച്ചിരുന്നു. അപകടമാണെന്ന് വിശ്വസിച്ച് അദ്ദേഹത്തിന്റെ കുടുംബം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ വിസമ്മതിച്ചു. എന്നാല്‍ കരണിന്റെ പ്രായവും മരണത്തിന്റെ സാഹചര്യവും കണക്കിലെടുത്ത് പൊലീസ് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ നിര്‍ബന്ധിക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തെ ഭാര്യയും കസിന്‍ രാഹുലും എതിര്‍ത്തിരുന്നു. പിന്നീട് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്ക് അയച്ചു. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം, കിരണിന്റെ ഇളയ സഹോദരന്‍ കുനാല്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. കരണിനെ ഭാര്യയും ബന്ധുവും ചേര്‍ന്ന് കൊലപ്പെടുത്തിയതായി സംശയിക്കുന്നുവെന്നു പരാതിയില്‍ പറഞ്ഞു. അവര്‍ തമ്മില്‍ നടന്ന ഇന്‍സ്റ്റാഗ്രാം ചാറ്റിന്റെ തെളിവും സഹോദരന്‍ നല്‍കി. ഇരുവരും കൊലപാതക പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്ന ചാറ്റുകളാണ് നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അവര്‍ തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നു വ്യക്തമായി. ചാറ്റുകളില്‍ കൊലപാതകം ആസൂത്രണം ചെയ്തതായും കണ്ടെത്തി. പിന്നീട് ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍, കാമുകനായ യുവാവും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതായി സുസ്മിത സമ്മതിച്ചു. അറസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ദ്വാരക ഡിസിപി അങ്കിത് സിംഗ് പറഞ്ഞു.
ദമ്പതികള്‍ ഏഴ് വര്‍ഷം മുമ്പാണ് പ്രണയിച്ച് വിവാഹിതരായത്. ബന്ധത്തില്‍ ആറ് വയസുള്ള കുട്ടിയുണ്ട്. സമീപകാലത്ത് ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചിരുന്നു. അതിനിടെ ഒരേ കെട്ടിട സമുച്ചയത്തില്‍ താമസിക്കുന്ന രാഹുലുമായി സുസ്മിത അടുത്തു. വിവാഹ മോചനത്തിനായി സുസ്മിത ശ്രമിച്ചെന്നും പൊലീസ് പറയുന്നു.
