കൊല്ലം: അന്ത്യയാത്രക്കു മുമ്പു മകനെ ഒരു നോക്കു കാണാനും യാത്രാമൊഴി നല്‍കാനും കുവൈത്തില്‍ നിന്ന് ഒന്നേമുക്കാലോടെ തിരിച്ചെത്തിയ മാതാവ് മകന്റെ ചേതനയറ്റ ശരീരത്തില്‍ കെട്ടിപ്പിടിച്ച് ഉമ്മവച്ചു.
കുടുംബത്തെ രക്ഷിക്കുന്നതിനു കുവൈറ്റിലെ അറബിയുടെ വീട്ടില്‍ ജോലിക്കുപോയ മിഥുന്റെ മാതാവ്, അറബി കുടുംബത്തോടൊപ്പം തുര്‍ക്കിയില്‍ വിനോദയാത്രയിലായിരിക്കെയാണ് പ്രിയ മകന്റെ അപകടവും വിയോഗവാര്‍ത്തയുമറിഞ്ഞ് അവിടെ നിന്ന് ഉടന്‍ നാട്ടിലേക്കു ഓടിയെത്തുകയായിരുന്നു.
മിഥുന് അന്ത്യയാത്ര നല്‍കാനെത്തിയ ജനക്കൂട്ടത്തെക്കൊണ്ടു നിറഞ്ഞ പരിമിത സൗകര്യമുള്ള വീട്ടിലേക്കു കടന്ന് വന്ന മാതാവ് മകന്റെ മൃതദേഹത്തിലേക്കു തലയമര്‍ത്തി. അവരുടെ വിതുമ്പലുകള്‍ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിന്റെ കണ്ണുനിറച്ചു. ബന്ധുക്കളും നാട്ടുകാരും മാതാവിനെ സമാശ്വസിപ്പിക്കുന്നുണ്ടെങ്കിലും പ്രതീക്ഷ തകര്‍ന്ന അവര്‍ വിതുമ്പലടക്കാന്‍ കഴിയാതെ വിഷമിക്കുന്നു.

മൃതദേഹം അന്ത്യദര്‍ശനത്തിനു വച്ച മിഥുന്റെ സ്‌കൂളിലെത്തിയതിനെക്കാള്‍ ആള്‍ക്കൂട്ടം വീട്ടിലും എത്തിക്കൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും മിഥുനെ കാണാനുള്ള അവസരം പൊലീസും നാട്ടുകാരും ഒരുക്കിക്കൊടുക്കുന്നുണ്ട്.
നിയമവും നിയമ വ്യവസ്ഥകളും പക്ഷപാതത്തിനും സങ്കുചിത മനോഭാവത്തിനും വഴങ്ങുന്നതിന്റെ ഇരയാണ് മിഥുനെന്ന വിചാരം ജനക്കൂട്ടത്തെ നൊമ്പരപ്പെടുത്തുന്നുണ്ട്.
അഞ്ചുമണിക്കു വീട്ടു പരിസരത്ത് ശവസംസ്‌ക്കാരം.