കണ്ണൂര്‍: എ.ഡി.എം കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ ഹൈക്കോടതിയിലേക്ക്. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. പിപി ദിവ്യ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്ന് അഭിഭാഷകന്‍ അഡ്വ.കെ വിശ്വന്‍ പറഞ്ഞു. പണം വാങ്ങി എന്നതില്‍ കുറ്റപത്രത്തില്‍ നേരിട്ട് തെളിവില്ല, എന്നാല്‍ അതിന് അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടായതായി കുറ്റപത്രത്തിലുണ്ട്. നിയമപരമായി നിലനില്‍ക്കാത്ത കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്. പ്രശാന്തന്‍ ടിവി എന്നൊരു സാക്ഷിയുണ്ട്. ഇയാള്‍ മുഖാന്തരം ദിവ്യയെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അഡ്വ. കെ വിശ്വന്‍ ആരോപിച്ചു. റവന്യൂ വകുപ്പിന്റേത് പാതിവെന്ത അന്വേഷണമാണ്. പ്രതിഭാഗത്തെ കേള്‍ക്കാതെയുള്ള അന്വേഷണമാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. പിപി ദിവ്യ സ്വയം ആരോപണം ഉന്നയിച്ചതല്ല.അതിന് ആസ്പദമായ ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുറ്റപത്രം റദാക്കുന്നതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കളക്ടറുടെ മൊഴിയും പൂര്‍ണമായി നവീന്‍ ബാബുവിനെതിരെയാണ്. യാത്രയയപ്പ് ചടങ്ങിന് ശേഷം എഡിഎം ചേംബറില്‍ എത്തിയെന്നും പിപി ദിവ്യയുടെ ആരോപണത്തെ കുറിച്ച് എഡിഎമ്മിനോട് ചോദിച്ചുവെന്നുമാണ് കളക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഫയലില്‍ ഒരു പ്രശ്‌നം ഉണ്ടായിരുന്നു അതുകൊണ്ട് വൈകിയെന്ന മറുപടിയാണ് എഡിഎം നല്‍കിയത്. അതല്ലാതെ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അര നിമിഷം തലതാഴ്ത്തി തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യ മാത്രമാണ് കുറ്റക്കാരിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൈക്കൂലി നല്‍കിയതിന് നേരിട്ടുള്ള ഒരു തെളിവുമില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പിപി ദിവ്യയാണ് ദൃശ്യം ചിത്രീകരിക്കാന്‍ പ്രാദേശിക ചാനലുകാരനെ ഏര്‍പ്പാടാക്കിയത്. പരിപാടിക്ക് മുന്‍പും ശേഷവും കളക്ടറെ ദിവ്യ വിളിച്ചിരുന്നു. എഡിഎം ആത്മഹത്യ ചെയ്തതിന് ശേഷവും ദിവ്യ കളക്ടറെ വിളിച്ചിരുന്നുവെന്നും മൊഴിയുണ്ട്.
