കൊല്ലം: ഡ്യൂട്ടിക്കു മുൻപ് ചക്കപ്പഴം കഴിച്ച കെഎസ്ആർടിസി പന്തളം ഡിപ്പോയിലെ 3 ജീവനക്കാർ ബ്രത്തലൈസർ പരിശോധനയിൽ കുടുങ്ങി. അതേസമയം ഇവർ മദ്യപിച്ചിരുന്നില്ല. പണി കൊടുത്തത് തേൻവരിക്ക ചക്കയായിരുന്നു. മദ്യപിച്ചില്ലെന്ന് ഡ്രൈവർ അധികൃതരോട് ഉറപ്പിച്ചു പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. പിന്നീട് പ്രതി ആരെന്നു കണ്ടെത്താൻ ഒരു ടെസ്റ്റ് കൂടി നടത്തി. നേരത്തെ നടത്തിയ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്നു തെളിഞ്ഞ ഒരു ജീവനക്കാരനെ വിളിച്ചു ചക്കപ്പഴം കഴിപ്പിച്ചു. പിന്നീടുള്ള പരിശോധനയിൽ അദ്ദേഹവും മദ്യപിച്ചതായി കണ്ടെത്തി.
ഇതോടെ ബ്രത്തലൈസറിൽ കുടുങ്ങിയവരെല്ലാം നിരപരാധികളായി. രാവിലെ ഡ്യൂട്ടിക്കെത്തിയ കൊട്ടാരക്കര സ്വദേശിയായ ഡ്രൈവർ തേൻ വരിക്ക ചക്കയുടെ ചുളയുമായാണ് എത്തിയത്.
നല്ലമണവും രുചിയും ഉള്ളതായിരുന്നു. വെറുംവയറ്റിലാണെന്ന് ആലോചിക്കാതെ, ഡ്യൂട്ടിക്ക് പോകുംമുമ്പ് ഡ്രൈവർമാർ നാലഞ്ച് ചുള അകത്താക്കി. പരിശോധനയിൽ ബ്രെത്തലൈസർ പൂജ്യത്തിൽനിന്ന് കുതിച്ചുയർന്ന് പത്തിലെത്തുകയായിരുന്നു. ഇതോടെ ഡ്രൈവർമാർ എല്ലാം മദ്യപാനികളായി. എത്ര മധുരമൂറിയാലും ഡ്യൂട്ടി സമയത്ത് ഇനി ചക്കപ്പഴത്തിനു വിലക്കേർപ്പെടുത്തിയിരിക്കുകയാണ് പന്തളം കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർ.
നല്ല മധുരമുള്ള പഴങ്ങൾ പഴക്കം മൂലം പുളിച്ചാൽ അതിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ കഴിയുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. പുളിക്കാൻ സഹായിക്കുന്ന ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ ഘടകങ്ങൾ ചക്കപ്പഴത്തിലുണ്ട്. എന്നാൽ ചക്കപ്പഴം ആ അവസ്ഥയിൽ കഴിക്കാൻ പോലും പ്രയാസമായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഡിപ്പോയിലെ ബ്രത്തലൈസർ ചെറിയ മാറ്റങ്ങൾ പോലും കണ്ടെത്താറുണ്ടെന്ന് ഡിപ്പോയിലെ ജീവനക്കാർ പറയുന്നു.

😀😀