വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ദി റെസിസ്റ്റന്റ് ഫ്രണ്ടി (ടിആര്‍എഫ്) നെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ലഷ്‌കര്‍ ഇ തയിബയുടെ ഉപവിഭാഗമായ ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചത്. ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷന്‍ 219, എക്സിക്യുട്ടീവ് ഓഡര്‍ 13224 എന്നിവ പ്രകാരമാണ് നടപടി. ടിആര്‍എഫിനെയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങളെയും വിദേശ ഭീകര സംഘടനയായും ആഗോള ഭീകര പട്ടികയില്‍ ചേര്‍ത്തതായും മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. ഭേദഗതികള്‍ ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിക്കുന്നതോടെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഔദ്യോഗികമായി ടിആര്‍എഫും വരും. പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ ചാരസംഘടനയായ ഐസ്‌ഐയും ലഷ്‌കര്‍-ഇ-തയ്ബയുമാണെന്ന് കണ്ടെത്തിയിരുന്നു. കശ്മീര്‍ റെസിസ്റ്റന്‍സ് എന്ന പേരിലും അറിയപ്പെടുന്ന ടിആര്‍എഫ് നേരത്തേ പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തിരുന്നു. എന്നാല്‍ പിന്നീട് പ്രസ്താവന പിന്‍വലിക്കുകയും ആക്രമണത്തില്‍ പങ്കില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
