ഇടുക്കി: സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകളോടുള്ള മറ്റൊരു വിദ്യാര്‍ത്ഥിയുടെ ചങ്ങാത്തത്തെക്കുറിച്ച് ആരായാന്‍ എത്തിയ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ ആരോപിതനായ വിദ്യാര്‍ത്ഥി കുരുമുളക് സ്‌പ്രേ ചെയ്തു. ഇവര്‍ക്കടുത്തു നിന്ന മറ്റു വിദ്യാര്‍ത്ഥികളുടെ മുഖത്തു സ്‌പ്രേ പതിച്ചതിനെത്തുടര്‍ന്നു ഛര്‍ദ്ദിയും തലകറക്കവുമനുഭവപ്പെട്ട അവരെ അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജാക്കാട് പൊലീസ് അന്വേഷണമാരംഭിച്ചു.
ഇടുക്കി ബൈസണ്‍ വാലി സ്‌കൂളില്‍ രാവിലെയാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. ഒരു വിദ്യാര്‍ത്ഥിനിയുമായി മറ്റൊരു വിദ്യാര്‍ത്ഥി സൗഹൃദം സ്ഥാപിക്കുന്നുണ്ടെന്ന വിവരം ലഭിച്ച പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ രാവിലെ സ്‌കൂളിനടുത്തെ ബസ് സ്റ്റോപ്പിലെത്തി വിദ്യാര്‍ത്ഥിയെ കാത്തു നില്‍ക്കുകയായിരുന്നു. ഈ സമയം ബസിറങ്ങിയെത്തിയ ആരോപിതനായ വിദ്യാര്‍ത്ഥിയോടു കാര്യങ്ങള്‍ ചോദിക്കുന്നതിനിടയിലാണ് അയാള്‍ കുരുമുളകു സ്‌പ്രേ പ്രയോഗം തുടങ്ങിയതെന്നു പറയുന്നു. സ്‌പ്രേയിലധികവും സ്ഥലത്തുണ്ടായിരുന്ന മറ്റു പത്തോളം വിദ്യാര്‍ത്ഥികളുടെ മുഖത്തു പതിക്കുകയായിരുന്നു.
