മുംബൈ: ഓടുന്ന സ്ലീപ്പര്‍ കോച്ച് ബസില്‍ 19 കാരി പ്രസവിച്ചു. പിന്നാലെ നവജാതശിശുവിനെ തുണിയില്‍ പൊതിഞ്ഞ് ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞുകൊന്നു. മഹാരാഷ്ട്രയിലെ പര്‍ബാനിയിലാണ് ദാരുണ സംഭവം. ഭര്‍ത്താവാണെന്ന് അവകാശപ്പെടുന്ന ഒരു പുരുഷനുമായി ചേര്‍ന്നാണ് കുഞ്ഞിന്റെ വലിച്ചെറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. 19 വയസുള്ള റിതിക ധിരെ എന്ന യുവതിയെയും അല്‍ത്താഫ് ഷെയ്ഖ് എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ 6.30 ഓടെ പത്രി-സേലു റോഡിലാണ് സംഭവം നടന്നത്. എന്തോ പൊതി പുറത്തേക്ക് വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരാളാണ് ബസിലുള്ള മറ്റുയാത്രക്കാരെ ഇക്കാര്യം അറിയിച്ചത്. സന്ത് പ്രയാഗ് ട്രാവല്‍സിന്റെ സ്ലീപ്പര്‍ കോച്ച് ബസിലെ യാത്രക്കാരായിരുന്നു അല്‍ത്താഫും യുവതിയും. പൂനെയില്‍ നിന്ന് പര്‍ബാനിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു റിതിക ധേരെ എന്ന യുവതി. യാത്രയ്ക്കിടെ ഗര്‍ഭിണിയായ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും പിന്നീട് ബസില്‍ തന്നെ ആണ്‍കുഞ്ഞിനെ പ്രസവിക്കുകയുമായിരുന്നു. ദമ്പതികള്‍ പിന്നീട് നവജാതശിശുവിനെ ഒരു തുണിയില്‍ പൊതിഞ്ഞ് വാഹനത്തില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞുവെന്ന് ഒരു ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുഞ്ഞിനെ വളര്‍ത്താന്‍ കഴിയാത്തതിനാലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ദമ്പതികള്‍ പറഞ്ഞു.
പൊലീസ് പറയുന്നതനുസരിച്ച്, ധേരെയും ഷെയ്ഖും പര്‍ബാനി സ്വദേശികളാണെന്നും കഴിഞ്ഞ ഒന്നര വര്‍ഷമായി പൂനെയില്‍ താമസിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ അവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് തെളിയിക്കാനുള്ള ഒരു രേഖയും ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്രി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
