വിപഞ്ചികയുടെ മരണം കൊലപാതകമെന്ന് സംശയം; മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാന്‍ അനുവദിക്കരുതെന്ന് കുടുംബം ഹൈക്കോടതിയില്‍

കൊല്ലം: ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തില്‍ സംശയമുണ്ടെന്ന് കുടുംബം. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു.
മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. വിപഞ്ചികയുടെ മാതാവിന്റെ സഹോദരിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വിപഞ്ചികയുടെ മാതാവ് വിദേശത്തേക്ക് പോയ സാഹചര്യത്തിലാണ് മാതാവിന്റെ സഹോദരി അവര്‍ക്കുവേണ്ടി ഹൈക്കോടതിയെ സമീപിച്ചത്. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം ഭര്‍തൃവീട്ടിലെ ശാരീരിക മാനസിക പീഡനങ്ങളെ തുടര്‍ന്നാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വിപഞ്ചിക ഫോണില്‍ വിളിച്ച് നേരിട്ട പീഡനങ്ങളെക്കുറിച്ചും ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും പറഞ്ഞിരുന്നു. 40 പവന്റെ ആഭരണങ്ങള്‍ ഭര്‍ത്താവ് എടുത്തുകൊണ്ടുപോയെന്നും പറഞ്ഞിരുന്നു. ഭര്‍തൃവീട്ടില്‍ നിന്ന് വളരെയധികം ഭീഷണികളുമുണ്ടായിരുന്നു. വിപഞ്ചികയുടെ മരണം ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും കൊലപാതകത്തിനുള്ള സാധ്യതകളുണ്ടെന്നും കുടുംബം ഹര്‍ജിയില്‍ ആരോപിക്കുന്നു. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ആത്മഹത്യ ചെയ്തു എന്ന വിവരമാണ് പുറത്തുവന്നത്. ഭര്‍തൃവീട്ടുകാര്‍ മൃതദേഹം അവിടെ സംസ്‌കരിക്കാനുള്ള നീക്കങ്ങള്‍ നടത്തിവരികയാണ്. പക്ഷേ തങ്ങള്‍ക്ക് മകളെ അവസാനമായി കാണണമെന്നും സംസ്‌കാര ചടങ്ങുകള്‍ നാട്ടില്‍ നടത്തണമെന്നും ആഗ്രഹമുണ്ട്. അതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ ഹൈക്കോടതി ഇടപെടണമെന്നും കുടുംബം ആവശ്യപ്പെടുന്നു. വിപഞ്ചികയുടെ മാതാവ് കുണ്ടറ പൊലീസിന് നല്‍കിയ പരാതിയില്‍ നിതീഷിനെതിരെ കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനന്‍ മൂന്നാം പ്രതിയുമാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം എന്നിവയ്ക്കാണ് കേസെടുത്തതിരിക്കുന്നത്.
ഷാര്‍ജയില്‍ ആത്മഹത്യചെയ്ത കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുക. ഈമാസം
9ന് ഉച്ചയ്ക്കാണ് ചന്ദനത്തോപ്പ് രജിത ഭവനില്‍ മണിയന്റെയും ഷൈലജയുടെയും മകള്‍ വിപഞ്ചിക മണിയന്‍ (33), ഒന്നര വയസുള്ള ഭൈരവി എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page