തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് അടിപ്പെട്ട യുവാവ് ഭക്ഷണവുമായി എത്തിയ പിതാവിനെ അടിച്ചുകൊന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുനില്‍കുമാർ ആണ് കൊല്ലപ്പെട്ടത്. മരണത്തില്‍ മകന്‍ സിജോയ് അറസ്റ്റിലായി. മകനെ പേടിച്ച് കുടുംബവീട്ടില്‍ നിന്ന് വാടകയ്ക്ക് മാറിയ കുടുംബത്തിലാണ് ദാരുണ സംഭവം. വെളളിയാഴ്ച ഉച്ചയോടെയാണ് സുനില്‍കുമാറിനെ മകന്‍ സിജോയ് സാമുവല്‍ മാരകമായി മര്‍ദിച്ചത്. കമ്പുകൊണ്ടുളള അടിയില്‍ തലയോട്ടി പൊട്ടിയിരുന്നു. വാരിയെല്ലുകളും തകര്‍ന്നു. ചികില്‍സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചു. മൊബൈല്‍ ഫോണിന് അടിപ്പെട്ട സിജോയ് മാനസിക അസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. അക്രമ സ്വഭാവമുളള മകനെ പേടിച്ച് സുനില്‍കുമാറും ഭാര്യ ലളിതകുമാരിയും വാടക വീട്ടിലേയ്ക്ക് മാറിയിരുന്നു. മകനുളള ഭക്ഷണവും പണവും സുനില്‍കുമാര്‍ എത്തിച്ചു നല്കിയിരുന്നു. വെളളിയാഴ്ച ഉച്ചയോടെ മകനുളള ഭക്ഷണവുമായി എത്തിയതായിരുന്നു സുനില്‍കുമാര്‍. സിജോയ് പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ സിജോയ് പിതാവിനെ തല്ലിച്ചതയ്ക്കുകയായിരുന്നു. മണിക്കൂറുകൾക്കു ശേഷമാണ് മുറ്റത്ത് വീണ് കിടന്ന സുനില്‍കുമാറിനെ നാട്ടുകാർ കണ്ടത്. തുടർന്ന് അവർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ അടിമത്വമാണ് സിജോയുടെ മാനസിക നില തകരാറിലാക്കിയെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും വീണതാണെന്ന് പറഞ്ഞ് മകനെ സംരക്ഷിക്കുകയായിരുന്നു പിതാവ്. സിജോയിയെ റിമാന്‍ഡ് ചെയ്തു.
