തിരുവനന്തപുരം: സംസ്ഥാനത്ത് രോഗബാധിതരായ തെരുവ് നായ്കളെ ദയാവധം നടത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു സർക്കാർ അനുമതി നൽകി. മൃഗസംരക്ഷ വകുപ്പ് മന്ത്രി ചിഞ്ചു റാണിയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. വെറ്റിനറി വിദഗ്ധന്റെ സാക്ഷ്യപത്രം ഇതിനു ആവശ്യമാണ്. കേന്ദ്രച്ചട്ടങ്ങൾ പാലിച്ചാകും ദയാവധം നടത്തുകയെന്നും മന്ത്രിമാർ അറിയിച്ചു. സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഓഗസ്റ്റില്‍ തെരുവുനായ്ക്കള്‍ക്കുള്ള വാക്‌സിനേഷനും നടത്തും. സെപ്റ്റംബറില്‍ വളര്‍ത്തുനായ്ക്കള്‍ക്ക് വാക്‌സിനേഷൻ നൽകാനും ലൈസന്‍സ് എടുക്കാനുമുള്ള ക്യാംപ് നടത്തും. ഇവയ്ക്ക് ഇലക്ട്രോണിക് ചിപ്പും ഘടിപ്പിക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു.
