കാസർകോട്: കുളിക്കുന്നതിനിടയിൽ കുളത്തിൽ പോയ സ്വർണ്ണമാല മുങ്ങിയെടുത്ത് അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം. കാഞ്ഞങ്ങാട് തെരുവത്ത് അറയിൽ ഭഗവതി ക്ഷേത്രം കുളത്തിലാണ് പ്രവാസിയായ അജേഷിന്റെ സ്വർണ്ണ മാല നഷ്ടപ്പെട്ടത്. സംഭവത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായി നാട്ടുകാരും മുങ്ങൽ വിദഗ്ധർ അടക്കമുള്ളവർ ഏറെ ശ്രമിച്ചിട്ടും മാലവീണ്ടെടുക്കാനായില്ല. തുടർന്നാണ് ചൊവ്വാഴ്ച ഉച്ചയോടെ അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്. തുടർന്ന് കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയ തലവൻ ആദർശ് അശോകിൻ്റെ നേതൃത്വത്തിൽ സേനയെത്തി. കാസർകോട് നിലയത്തിലെ സ്കൂബ ടീം അംഗങ്ങളായ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ ഡ്രൈവർ ഇ. പ്രസീത്, ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ എച്ച് ഉമേഷ് എന്നിവർ കുളത്തിൽ മുങ്ങിത്തപ്പി. 15 മിനിറ്റിനുള്ളിൽ തന്നെ മാലയുമായി സംഘം കുളത്തിൽ നിന്ന് പൊങ്ങി. മൂന്നര മീറ്റർ താഴ്ചയിലാണ് മാലയുണ്ടായിരുന്നത്. സ്റ്റേഷൻ ഓഫീസർ ആദർശ് അശോകൻ കുളക്കടവിൽ വച്ച് തന്നെ മാല അജേഷിന് കൈമാറി. ഇപ്പോഴത്തെ മാർക്കറ്റു വില അനുസരിച്ച് രണ്ടര ലക്ഷത്തോളം വിലവരും ഇതിന്. ഫയർ ആന്റ് റെസ്ക്യൂ ഓഫിസർ ദീലീപ്, സിവിൽ ഡിഫൻസ് അംഗം കിരൺ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
