കൊല്ലം: മുൻ കെപിസിസി പ്രസിഡന്റും 3 തവണ മന്ത്രിയുമായ സി.വി. പത്മരാജൻ (93) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.1931 ജൂലൈ 22ന് കൊല്ലം ജില്ലയിലെ പരവൂരിലാണ് ജനനം. ഓൾ ട്രാവൻകൂർ സ്റ്റുഡൻസ് കോൺഗ്രസിലൂടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്താണ് രാഷ്ട്രീയത്തിൽ സജീവമായത്. അധ്യാപകനായി ജീവിതം തുടങ്ങിയെങ്കിലും പിന്നീട് നിയമബിരുദം നേടി.1973 മുതൽ 1979 വരെ ഗവ. പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി.1980ൽ കൊല്ലം നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും ആർഎസ്പിയിലെ കടവൂർ ശിവദാസനോട് പരാജയപ്പെട്ടു. 1982ൽ ചാത്തന്നൂരിൽ നിന്നു ആദ്യമായി നിയമസഭയിലെത്തി. 1987ൽ പരാജയപ്പെട്ടെങ്കിലും 1991ൽ വീണ്ടും വിജയിച്ചു.1982 ലെ കരുണാകരന്റെ മന്ത്രിസഭയിൽ ഫിഷറീസ് വകുപ്പിന്റെ ചുമതല വഹിച്ചു. 1991-95 കരുണാകരൻ മന്ത്രിസഭയിൽ ധന, വൈദ്യുതി, കയർ വകുപ്പ് മന്ത്രിയായി. 1995ലെ എ.കെ. ആന്റണി മന്ത്രിസഭയിൽ ധനമന്ത്രിയായി. അഭിഭാഷകയായ വസന്തകുമാരിയാണ് ഭാര്യ. അജി, ആനി എന്നിവർ മക്കളാണ്.
