കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ലഹരിക്കടത്തിനു പിടിയിലായ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്നും കണ്ടെത്തിയത് 1.67 കിലോ കൊക്കെയ്ൻ. ഇവർ വിഴുങ്ങിയ 163 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു. ഇവയ്ക്കു 16 കോടി രൂപ വില വരുമെന്ന് ഡിആർഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അങ്കമാലി കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ശനിയാഴ്ച രാവിലെയാണ് ബ്രസീൽ നിന്നുള്ള ബ്രൂണോയെയും ലൂക്കാസിനെയും കൊച്ചി ഡിആർഡിഒ പിടികൂടുന്നത്. ബ്രസീലിലെ സാവോപോളോയിൽ നിന്നും എത്തിയ ഇവരുടെ ശരീരത്തിൽ കൊക്കെയ്ൻ ഗുളികകൾ ഒളിപ്പിച്ചിട്ടുണ്ടെന്ന് സ്കാനിങ്ങിലൂടെയാണ് കണ്ടെത്തിയത്. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചാണ് ഗുളികകൾ പുറത്തെടുത്തത്.കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് വിവരം. ഇവർ തിരുവനന്തപുരത്ത് ഹോട്ടൽ ബുക്ക് ചെയ്തതിന്റെ വിവരങ്ങൾ കണ്ടെത്തിയിരുന്നു. കേസിൽ വിശദ അന്വേഷണത്തിനായി ഇവരെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കാൻ ഡിആർഡിഒ അപേക്ഷ നൽകും.
