സന: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധ ശിക്ഷ നടപ്പിലാക്കുന്ന തിയ്യതി നീട്ടിയെന്ന വിവരമാണ് ഒടുവില്‍ ലഭിക്കുന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാന്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം അനുമതി നല്‍കുകയായിരുന്നു. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയും സാമൂഹക പ്രവര്‍ത്തകനുമായ സാമുവല്‍ ജെറോമാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രസര്‍ക്കാറും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തിയതി മാത്രമാണ് നീട്ടിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ് തീരുമാനമെന്നും പറയുന്നു. വിഷയത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിന് ശേഷമുണ്ടായ ചര്‍ച്ചകളെല്ലാം അനുകൂലമായാണ് നീങ്ങുന്നതെന്ന് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നിര്‍ണായക ചര്‍ച്ച നടക്കും. യെമനിലെ പ്രമുഖ സൂഫി വര്യന്‍ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തില്‍ കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം യെമന്‍ അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി നാളെ നടത്താന്‍ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടലിനാണ് ഇപ്പോള്‍ ശ്രമങ്ങള്‍ നടക്കുന്നതെന്ന് കാന്തപുരത്തിന്റെ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 2017 ജൂലൈയിലാണ് കേസിനാസ്പദമായ കൊല നടന്നത്.
