ജലന്ധർ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തൺ ഓട്ടക്കാരനായി അറിയപ്പെടുന്ന ഫൗജ സിങ് (114) അന്തരിച്ചു. പഞ്ചാബിലെ ജലന്ധറിൽ തിങ്കളാഴ്ച വൈകിട്ടുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഫൗജ സിങ്ങിനെ ഒരു വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതോടെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.1911 ഏപ്രിൽ ഒന്നിന് പഞ്ചാബിൽ ജനിച്ച ഫൗജ സിങ് 89-ാം വയസ്സിലാണ് ആദ്യമായി മാരത്തൺ മത്സരത്തിൽ പങ്കെടുത്തത്. മകന്റെ മരണം ഉണ്ടാക്കിയ മാനസികാഘാതം മറികടക്കാനായിരുന്നു ഇത്. 2013ലെ ഹോങ് കോങ് മാരത്തണിലാണ് ഒടുവിൽ പങ്കെടുത്തത്.
