കാസർകോട്: ബന്തിയോട്ടെ പഴയ സർവീസ് സ്റ്റേഷൻ കെട്ടിടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസ്സ് പ്രായം വരുന്ന പുരുഷന്റേതാണ് മൃതദേഹം. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ സർവീസ് സ്റ്റേഷൻ കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. കർണാടക സ്വദേശിയുടേതാണെന്ന് സംശയിക്കുന്നു. നാട്ടുകാരുടെ വിവരത്തെ തുടർന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി. നടപടികൾക്ക് ശേഷം മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
