തിരുവനന്തപുരം: വാഗ്ദാനം ചെയ്ത പാലം യാഥാർഥ്യമാക്കാൻ കഴിയാത്തതിനെ തുടർന്ന് സിപിഎം നഗരസഭ കൗൺസിലർ രാജിവച്ചു. നെടുമങ്ങാട് നഗരസഭ കൊപ്പം വാർഡ് മെമ്പർ പി. രാജീവാണ് രാജിവച്ചതായി ഫെയ്സ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. കുന്നം വലിയ പാലത്തിന് ഒന്നരക്കോടി രൂപ അനുവദിച്ചെങ്കിലും അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. വാക്ക് പാലിക്കാൻ കഴിയാത്തവനും ഒരു നാടിന്റെ വിശ്വാസം കാത്തുസൂക്ഷിക്കാൻ കഴിയാത്തവനും ജനപ്രതിനിധിയായി തുടരാൻ പാടില്ല. ഇതു അയാൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനു നാണക്കേടുണ്ടാക്കും. ഇത് ഒഴിവാക്കാനാണ് തന്റെ രാജിയെന്നും രാജീവ് വ്യക്തമാക്കി. രാജികത്ത് ലഭിച്ചതായി നഗരസഭ സെക്രട്ടറിയും അറിയിച്ചു. എന്നാൽ 37 അംഗ നഗരസഭയിൽ 27 കൗൺസിലർമാരുള്ളതിനാൽ എൽഡിഎഫ് ഭരണത്തെ രാജി ബാധിക്കില്ല.
