തൃശൂർ: ലഹരി മുക്ത ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാരൻ ലഹരിമരുന്നുമായി പൊലീസ് പിടിയിൽ. തൃശൂർ കൊരട്ടി ചെറ്റാരിക്കൽ സ്വദേശി വിവേക് ശിവദാസാണ് അറസ്റ്റിലായത്. പൊലീസ് പട്രോളിങ്ങിനിടെ 4.5 ഗ്രാം മെത്താംഫെറ്റമിനുമായി വിവേക് പിടിയിലാകുകയായിരുന്നു. കറുകുറ്റിയിലെ സ്വകാര്യ ലഹരി മുക്ത ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാരനാണ് പ്രതി. സ്ഥാപനത്തിലെ അധികൃതർ അറിയാതെ ഇവിടെ എത്തുന്ന രോഗികൾക്കു ഇയാൾ ലഹരി വിറ്റിരുന്നതായി പൊലീസ് അറിയിച്ചു. അങ്കമാലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിമരുന്ന് മാഫിയയുടെ കണ്ണിയാണ് ഇയാൾ. നേരത്തേയും മെത്താംഫെറ്റമിനുമായി ഇയാൾ പിടിയിലായിട്ടുണ്ട്. അര ഗ്രാമിന് 3000 രൂപ എന്ന നിലയിലാണ് വിൽപന നടത്തിയിരുന്നത്. കൊരട്ടി പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ലഹരി, അടിപിടി കേസുകളുണ്ട്.
