ന്യൂഡൽഹി: വിവാഹ മോചന കേസിൽ പങ്കാളിയുടെ രഹസ്യമായി റെക്കോർഡ് ചെയ്ത ഫോൺ റെക്കോർഡുകൾ തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി. ഇത്തരം ഫോൺ കോൾ റെക്കോർഡുകൾ തെളിവായി സ്വീകരിക്കാനാകില്ലെന്ന പഞ്ചാബ്-ഹരിയാണ ഹൈക്കോടതി വിധി റദ്ദാക്കികൊണ്ടാണ് ഉത്തരവ്. ഭാര്യ തന്നോടു ക്രൂരമായി പെരുമാറുന്നുണ്ടെന്നതിനു തെളിവായി രഹസ്യമായി റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണങ്ങൾ പഞ്ചാബിലെ ഭട്ടിൻഡ സ്വദേശിയായ യുവാവ് കുടുംബ കോടതിയിൽ ഹാജരാക്കിയിരുന്നു. ഭട്ടിൻഡ കുടുംബ കോടതി ഇതു അംഗീകരിച്ചു. എന്നാൽ തന്റെ സമ്മതമില്ലാതെയാണ് കോളുകൾ റെക്കോർഡ് ചെയ്തതെന്നും ഇത് സ്വീകരിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും ചൂണ്ടിക്കാട്ടി ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. വാദങ്ങൾ അംഗീകരിച്ച ഹൈക്കോടതി കുടുംബ കോടതി ഉത്തരവ് റദ്ദാക്കി.
എന്നാൽ ദമ്പതികൾ പരസ്പരം ഫോൺകോളുകൾ റെക്കോർഡ് ചെയ്യുന്നത് അവർ തമ്മിലുള്ള വിശ്വാസക്കുറവിനെ സൂചിപ്പിക്കുന്നതായി ജസ്റ്റിസ് ബി.വി. നാഗരത്നയും ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും ഉൾപ്പെടുന്ന സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ഒപ്പം ഇതു സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കണക്കാക്കാനാകില്ലെന്നും വ്യക്തമാക്കിയ ബെഞ്ച് ഹൈക്കോടതി വിധി റദ്ദാക്കുകയായിരുന്നു.
