കണ്ണൂര്‍: അതീവ ഗുരുതരനിലയിലായ കുട്ടിയെയും കൊണ്ട് ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്ന ആംബുലന്‍സിനു വഴി നല്‍കാതെ ബൈക്ക് യാത്രക്കാരന്റെ അഭ്യാസ പ്രകടനം. ഞായറാഴ്ച വൈകുന്നേരം ആറരമണിയോടെ കണ്ണൂര്‍, കാല്‍ടെക്‌സ് ജംഗ്ഷന്‍ മുതല്‍ താഴെചൊവ്വ വരെയാണ് ബൈക്ക് യാത്രക്കാരന്‍ ആംബുലന്‍സിനു വഴി നല്‍കാതിരുന്നത്. പഴയങ്ങാടിയില്‍ കുളത്തില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. നില ഗുരുതരമായതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ഇതേ തുടര്‍ന്ന് കുട്ടിയുമായി കണ്ണൂരിലേയ്ക്ക് പുറപ്പെട്ടതായിരുന്നു ആംബുലന്‍സ്. മറ്റു സ്ഥലങ്ങളിലെല്ലാം വാഹനങ്ങള്‍ ആംബുലന്‍സിനു വഴിമാറി കൊടുത്തുവെങ്കിലും കാല്‍ടെക്‌സ് മുതല്‍ താഴെ ചൊവ്വവരെ ബൈക്ക് യാത്രക്കാരന്‍ വഴി നല്‍കാന്‍ തയ്യാറായില്ലെന്നു പറയുന്നു.
കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം ബന്ധുക്കള്‍ ഇക്കാര്യം ടൗണ്‍ പൊലീസിനെ അറിയിച്ചു. ബൈക്ക് യാത്രക്കാനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.
