തൊടുപുഴ: ഇടുക്കിയിൽ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കി. കുളമാവ് സ്വദേശി ഉന്മേഷ്(32), മൂന്നരവയസ്സുകാരനായ മകൻ ദേവ് എന്നിവരാണ് മരിച്ചത്. ഇവരുടെ കാഞ്ഞിരമറ്റത്തെ വാടക വീട്ടിൽ വച്ചാണ് സംഭവം. ഉന്മേഷിന്റെ മൃതദേഹം വീട്ടിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിലും കുട്ടിയെ ബെഡ് റൂമിലുമാണ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 8.30നാണ് സംഭവം. ഉന്മേഷിന്റെ ഭാര്യ ശിൽപ ടെക്സ്റ്റൈൽസിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ശിൽപയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഫൊറൻസിക് സംഘം നടത്തിയ പരിശോധനയ്ക്കു ശേഷം മൃതദേഹങ്ങൾ തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റും. കൂലിപ്പണിയും ലോട്ടറി വിൽപനയുമാണ് ഉന്മേഷിന്റെ ജോലി.
