ബംഗളൂരു: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ കന്നഡ സീരിയല്‍ നടിയും അവതാരകയുമായ മഞ്ജുള ശ്രുതിയെ (38) ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ശ്രുതി ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രുതിയുടെ വാരിയെല്ലുകളിലും, തുടയിലും, കഴുത്തിലും കുത്തേറ്റിട്ടുണ്ട്.
സംഭവത്തില്‍ ഭര്‍ത്താവ് അമ്രേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമൃതധാരെ പോലുള്ള കന്നഡ സീരിയലുകളില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് പ്രശസ്തയായ നടിയാണ് ശ്രുതി. കഴിഞ്ഞ ആഴ്ച നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഹനുമന്തനഗറിലെ മുനേശ്വര ലേഔട്ടിലുള്ള വീട്ടില്‍വച്ചാണ് ശ്രുതിയെ ഭര്‍ത്താവ് അമ്രേഷ് ആക്രമിച്ചത്. ശ്രുതിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. പ്രണയബന്ധത്തെ തുടര്‍ന്ന് 20 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ടു പെണ്‍കുട്ടികളുണ്ട്. ഹനുമന്തനഗറിലെ ഒരു വാടക വീട്ടിലായിരുന്നു താമസം. ഇടയ്ക്ക് വേര്‍ പിരിഞ്ഞ ഇവര്‍ ഈ മാസം മൂന്നിന് വീണ്ടും ഒരുമിച്ച് താമസം തുടങ്ങി. പിറ്റേ ദിവസം, കുട്ടികള്‍ കോളജില്‍ പോയതിനു പിന്നാലെ അമ്രേഷ്, ശ്രുതിയെ ആക്രമിക്കുകയായിരുന്നു. കുരുമുളക് സ്പ്രേ കണ്ണിലേക്ക് അടിച്ചശേഷം മൂന്നു തവണ കത്തി ഉപയോഗിച്ചു കുത്തിയെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകശ്രമത്തിനു കേസെടുത്തതിനു പിന്നാലെയാണ് അമ്രേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
