ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അകത്തുണ്ടായിരുന്ന പത്ത് പേരെ രക്ഷപ്പെടുത്തി. സീലംപുരിലെ ജന്ത മസ്ദൂര്‍ കോളനിയിലാണ് അപകടം. രാവിലെ 7.05 ഓടെയാണ് അപകടം നടന്നത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സീലംപുരില്‍ ജന്ത മസ്ദൂര്‍ കോളനിയിലെ നാല് നില കെട്ടിടമാണ് ഇടിഞ്ഞുവീണത്. 14 മാസം പ്രായമുളള അഹമ്മദ് എന്ന കുട്ടി ഉള്‍പ്പെടെ പത്ത് പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ ഇവരെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട സമയത്ത് രണ്ട് കുടുംബങ്ങളിലായി 12 പേര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടുങ്ങിയ കോളനിയിലാണ് അപകടമുണ്ടായത്. അതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനുളള സംവിധാനങ്ങള്‍ അപകട സ്ഥലത്തെത്തിക്കുന്നത് ദുഷ്‌ക്കരമായി. നാട്ടുകാരാണ് നാല് പേരെ രക്ഷപ്പെടുത്തിയത്. പിന്നീട് പൊലീസും ഫയര്‍ഫോഴ്സും എത്തി മറ്റുളളവരെ രക്ഷിച്ചു. എന്‍ഡിആര്‍എഫും ഏഴ് ഫയര്‍ ടെന്‍ഡറുകളും ഉള്‍പ്പെടെ എത്തിയാണ് രക്ഷാപ്രവര്‍ത്തനം. സമീപത്തുളള കെട്ടിടങ്ങളെല്ലാം പഴക്കം ചെന്നവയായതിനാല്‍ ആളുകളെ ഒഴിപ്പിക്കാനുളള നീക്കത്തിലാണ് പൊലീസ്. എന്നാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തി.
