പിതൃസഹോദരിയുടെ മകനെ വിവാഹം കഴിച്ചു; ഒഡീഷയില്‍ നവദമ്പതികളെ നുകത്തില്‍കെട്ടി നിലം ഉഴുതുമറിച്ചു, നാടുകടത്തി

ഭുവനേശ്വര്‍: ആചാരങ്ങള്‍ ലംഘിച്ച് വിവാഹം കഴിച്ചെന്ന കാരണത്താല്‍ ഗ്രാമവാസികള്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി കാളകളെപ്പോലെ നിലം ഉഴുതുമറിച്ചു. ഒഡീഷയിലെ റായഗഡ ജില്ലയിലെ കാഞ്ചരംജോഡി ഗ്രാമത്തിലാണ് സംഭവം. ഇരുവരെയും ചാട്ടവാറിനടിച്ച് നാടുകടത്തുകയും ചെയ്തതായാണ് വിവരം. ഗ്രാമവാസികള്‍ യുവാവിനെയും യുവതിയെയും വയലില്‍ നുകത്തില്‍ കെട്ടി നിലം ഉഴുതുമറിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. രണ്ടുപേരെയും നാട്ടുകാര്‍ അടിക്കുന്നതും വിഡിയോവില്‍ കാണാം.
ഗ്രാമത്തിലെ ദലിത് യുവാവും യുവതിയും പ്രണയത്തിലായിരുന്നു. അടുത്തിടെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ യുവാവ് യുവതിയുടെ പിതൃസഹോദരിയുടെ മകനായതിനാല്‍ ചില ഗ്രാമവാസികള്‍ വിവാഹത്തിന് എതിരായിരുന്നു. ആചാരമനുസരിച്ച് പിതൃസഹോദരിയുടെ മകനെ വിവാഹം ചെയ്യുന്നത് നിഷിദ്ധമായാണ് ഗ്രാമീണര്‍ കണക്കാക്കുന്നത്. നാട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നാണ് ഇവര്‍ വിവാഹം കഴിച്ചത്. അതിനാല്‍ അവര്‍ക്ക് ശിക്ഷ നല്‍കാന്‍ ഗ്രാമവാസികള്‍ തീരുമാനിക്കുകയായിരുന്നു.
ഗ്രാമവാസികള്‍ അവരെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു. നുകത്തില്‍ കെട്ടി വലിക്കുന്നതിനിടെ ഇവരെ വടി കൊണ്ട് അടിക്കുകയും ചെയ്തു. ഇതിനുശേഷം ദമ്പതികളെ സമീപത്തെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി ‘ശുദ്ധീകരണ ചടങ്ങുകള്‍’ നടത്തി. പിന്നീട് ചാട്ടവാറിനടിച്ച് നാടുകടത്തി. ഇവരുടെ കുടുംബത്തിനും വിലക്കേര്‍പ്പെടുത്തി. ക്രൂരതയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ എസ് പിയുടെ നേതൃത്വത്തില്‍ സംഘം സ്ഥലത്തെത്തി വിവരങ്ങള്‍ തേടി. എഫ് ഐ ആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് എസ് സ്വാതി കുമാര്‍ പറഞ്ഞു. മറ്റൊരു ജാതിയിലുള്ള യുവതിയെ വിവാഹം കഴിച്ച സംഭവത്തില്‍ റായഗഡ ജില്ലയില്‍ കഴിഞ്ഞവര്‍ഷം ദമ്പതികളുടെ തലമൊട്ടയടിച്ച് ശിക്ഷ നല്‍കിയതും വിവാദമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബഹു.ജില്ലാ കലക്ടര്‍ അറിയാന്‍: ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പെരിയയിൽ വില്ലേജ് ഓഫീസര്‍ ഇല്ലാതെ ഒന്നരമാസം; രണ്ട് വര്‍ഷം മുമ്പ് സ്ഥലം മാറിയ വില്ലേജ് അസിസ്റ്റന്റിനു പകരം നിയമനം ഇല്ല, ആവശ്യക്കാര്‍ ഓഫീസ് കയറിയിറങ്ങി കാലു തേഞ്ഞു

You cannot copy content of this page