ഭുവനേശ്വർ: സുഗമമായ വഴി ഇല്ലാത്തതിനാൽ വിവാഹച്ചടങ്ങ് ഉപേക്ഷിച്ചു മടങ്ങിയ വരനെ വധുവിൻ്റെ ബന്ധുക്കൾ തോളിലേറ്റിക്കൊണ്ടു പോയി വിവാഹകർമ്മം നടത്തിച്ചു. ഒറീസയിലെ ഭദ്രക്കിലാണ് വിചിത്രമായ സംഭവം നടന്നത്. വരനെ തോളിലേറ്റി നടക്കുന്നതിനിടയിൽ ചെളി നിറഞ്ഞ വഴിയിലൂടെ മാറി നടക്കാൻ ശ്രമിച്ച സംഘത്തിനു വഴി തെറ്റുകയും ഒടുവിൽ സമീപത്തെ ഒരു ക്ഷേത്രത്തിലെത്തി വിവാഹകർമ്മം നടത്തുകയുമായിരുന്നു. വേനൽക്കാലത്തു കല്ലും കുഴുകളുമായിരുന്ന വഴി മഴയിലാണ് ചെളി നിറഞ്ഞു നടക്കാൻ പോലുമാകാത്ത സ്ഥിതിയിലെത്തിയതെന്നു നാട്ടുകാർ സഹതപിച്ചു. വിവാഹ ശേഷം വരനെ ഒരു സംഘം പുരുഷന്മാരുടെയും വധുവിനെ സ്ത്രീകളുടെയും അതീവ സുരക്ഷിതത്വത്തോടെ വരൻ്റെ വീട്ടിലെത്തിച്ചു. ഇതിനു മൂന്നു കിലോമീറ്റർ ദൂരം ചെളി നിറഞ്ഞ വഴിയിലൂടെ അവർക്കു നടക്കേണ്ടിവന്നു. ഇനിയൊരു പഞ്ചായത്തു തിരഞ്ഞെടുപ്പിനു വോട്ടു ചെയ്യണമെങ്കിൽ മഴക്കാലത്തും വേനൽക്കാലത്തും സുഗമമായി സഞ്ചരിക്കാവുന്ന റോഡ് നാട്ടിൽ ഉണ്ടാവണമെന്നു നാട്ടുകാരും വധുവരന്മാരുടെ ബന്ധുക്കളും അധികൃതരെ മുന്നറിയിച്ചിട്ടുണ്ട്.
