കൊച്ചി: വിമാനങ്ങള്‍ കൂട്ടിയിടിച്ച് കാനഡയില്‍ മലയാളി പൈലറ്റിന് ദാരുണാന്ത്യം. കൊച്ചി തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് (23) ആണ് മരിച്ചത്. പരിശീലനപ്പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ സഹപാഠിയായ കാനഡ സ്വദേശി സാവന്ന മേ റോയ്‌സും മരിച്ചു.
കാനഡ മാനിറ്റോബ സ്‌റ്റൈന്‍ ബാങ്ക് സൗത്ത് എയര്‍പോര്‍ട്ടിന് സമീപം കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമയം രാത്രിയാണ് അപകടം. ഒരേ സമയം റണ്‍വേയിലേക്ക് പറന്നിറങ്ങാന്‍ ശ്രമിക്കേയാണ് അപകടം നടന്നതെന്നാണ് വിവരം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് വ്യക്തമല്ല. പരിശീലന കേന്ദ്രത്തിന്റെ എയര്‍ സ്ട്രിപ്പില്‍ നിന്ന് 50 മീറ്റര്‍ മാറി വിന്നിപെഗ് എന്ന സ്ഥലത്താണ് വിമാനങ്ങൾ വീണത്. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ കാനേഡിയന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്റെയും യുഎസ്ടി ഗ്ലോബല്‍ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ് ശ്രീഹരി. ഫ്‌ളയിങ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.
