തിരുവനന്തപുരം: ഈത്തപ്പഴപ്പെട്ടിക്കുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന ഒന്നേകാൽ കിലോ എം.ഡി.എം.എ. ഡാൻസാഫ് സംഘം പിടിച്ചു. ഇതിനു നാലു കോടിയിലധികം രൂപ വിലവരുമെന്നു കണക്കാക്കുന്നു. സംസ്ഥാനത്ത് അടുത്ത കാലത്തു നടന്ന ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്. സംഘത്തലവനെന്നു സംശയിക്കുന്ന വർക്കല സ്വദേശി സഞ്ജു, വലിയ വിളയിലെ നന്ദു, ഉണ്ണികൃഷ്ണൻ, പ്രവീൺ എന്നിവരെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ചരാത്രി വിദേശത്തുനിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രതികൾ ഒരു ഇന്നോവ കാറിൽ യാത്ര ചെയ്യുകയും അതിനു തൊട്ടു പിന്നാലെ കറുത്ത ബാഗിൽ പൊതിഞ്ഞു ഈത്തപ്പഴപ്പെട്ടിയിലൊളിപ്പിച്ച എം.ഡി.എം.എ.യുമായി മറ്റൊരു പിക്കപ്പ് വാനും യാത്ര തുടരുകയായിരുന്നു. തിരുവനന്തപുരം കല്ലമ്പലത്തുവച്ചാണ് ഇവർ പൊലീസ് പിടിയിലായത് . സഞ്ജുവിൻ്റെ നേതൃത്വത്തിൽ ലഹരികടത്തു നടക്കുന്നുണ്ടെന്ന സൂചനയെത്തുടർന്നു ഡാൻസാഫ് സംഘം കുറച്ചു കാലമായി ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് മാരക മയക്കുമരുന്നു മായി ഇവർ വിമാനത്താവളത്തിലെത്തിയത്.
