കൊച്ചി: എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി. പ്രോസ്പക്റ്റസിൽ വരുത്തിയ മാറ്റങ്ങൾ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് ഡി കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്. സിബിഎസ്ഇ സിലബസിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർഥിനിയുടെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. വെയിറ്റേജ് മാറ്റിയത് ശെരിയല്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു. മാർക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാർഥികൾക്ക് മുൻപുണ്ടായിരുന്ന വെയ്‌റ്റേജ് നഷ്ടമായി എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയിരുന്നത്. ഇതിലാണ് റാങ്ക് പട്ടിക പൂർണമായി റദ്ദാക്കാൻ ഹൈക്കോടതി തീരുമാനിച്ചിരിക്കുന്നത്. എൻട്രൻസ് പരീക്ഷക്കും പ്ലസ്ടുവിനും ലഭിച്ച മാർക്ക് ഒരുമിച്ച് പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതെന്നാണ് സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം. പരീക്ഷയില്‍ വലിയ മാര്‍ക്ക് നേടുന്ന കേരള സിലബസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ഏകീകരണം വരുമ്പോള്‍ തിരിച്ചടി നേരിട്ടിരുന്നു. വര്‍ഷങ്ങളായുള്ള പരാതി കണക്കിലെടുത്ത് മന്ത്രിസഭ മാര്‍ക്ക് ഏകീകരണത്തില്‍ മാറ്റം വരുത്തുകയായിരുന്നു. തമിഴ്‌നാട് മാതൃകയില്‍ പരീക്ഷ നടത്തുന്ന രീതിയില്‍ മാര്‍ക്ക് ഏകീകരണം നടപ്പാക്കുകയായിരുന്നു. മുൻസമവാക്യ പ്രകാരം റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോൾ കേരള സിലബസ് വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ വിദ്യാർത്ഥികളേക്കാൾ 15-20വരെ മാർക്ക് കുറയുന്നതായി പരാതി ഉയർന്നിരുന്നു. ഇത് പരിഹരിക്കുന്നതിനായി മാർക്ക് ഏകീകരിക്കുന്ന സമവാക്യത്തിലേക്ക് കടന്നതെന്ന് സർക്കാർ കോടതിയിൽ പറയുന്നത്. എന്നാൽ ഇത് കോടതി പരിഗണിച്ചിട്ടില്ല. സിബിഎസ്ഇ വിദ്യാർത്ഥികളുടെ ആശങ്കകൾ കോടതി പരിഗണിച്ചാണ് കീം പരീക്ഷാ ഫലം റദ്ദാക്കാൻ തീരുമാനിച്ചത്.
