കോഴിക്കോട്: സുന്നത്ത് കര്‍മ്മത്തിനായി സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ച രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ചേളന്നൂർ പള്ളിപ്പൊയിൽ മുതുവാട് സ്കൂളിനു സമീപം പൂവനത്ത് ഷാദിയ, ഫറോക്ക് സ്വദേശി ഇംത്യാസ് ദമ്പതികളുടെ എമിൽ ആദം ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സുന്നത്ത് കര്‍മ്മത്തിനായി കുട്ടിയെ കടുംബം കാക്കൂരിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചത്. ക്ലിനിക്കിൽ വച്ച് കുഞ്ഞിന് സുന്നത്തിനായി ലോക്കൽ അനസ്തേഷ്യ നൽകിയിരുന്നു. തുടർന്ന് കുഞ്ഞിന് ശ്വാസതടസം ഉണ്ടായി. ഇതോടെ കോഴിക്കോട്ടെ ആശുപത്രിയില്‍ എത്തിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനായി കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കാക്കൂര്‍ പൊലിസ് കേസെടുത്തു.
