തിരുവനന്തപുരം: മൂന്നാഴ്ചയായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35 ബിയുടെ അറ്റക്കുറ്റപ്പണികൾക്കായി ഇംഗ്ലണ്ടിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് തിരുവനന്തപുരത്തെത്തും. ബ്രിട്ടീഷ് വ്യോമസേനയിലെ എൻജിനീയർമാരും വിമാനം നിർമിച്ച ലോക്ക്ഹീഡ് കമ്പനിയുടെ വിദഗ്ധരും ഉൾപ്പെടെ 25 അംഗ സംഘമാകും എത്തുക.കേടുപാടുകൾ പരിഹരിച്ച് വിമാനം തിരികെ പറത്തികൊണ്ട് പോകാൻ സാധിച്ചില്ലെങ്കിൽ ചിറകുകൾ ഇളക്കി മാറ്റി ചരക്കുവിമാനത്തിൽ കൊണ്ടു പോകാനുള്ള തയ്യാറെടുപ്പുകളുമായാണ് സംഘം എത്തുക. ബ്രിട്ടീഷ് വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്റർ-3 എന്ന കുറ്റൻ വിമാനത്തിൽ കൊണ്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. കൂടുതൽ സങ്കീർണമായ അറ്റക്കുറ്റപ്പണി ആവശ്യമെങ്കിൽ കയറ്റി അയയ്ക്കാനായിരിക്കും തീരുമാനമെന്നാണ് വിവരം.അറബിക്കടലിൽ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന യുദ്ധക്കപ്പലിൽ നിന്നു പറന്നുയർന്ന വിമാനം ഇന്ധനക്കുറവുണ്ടായതിനെ തുടർന്ന് ജൂൺ 14ന് രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയത്. അടിയന്തര ലാൻഡിങ്ങിനിടെ യന്ത്രതകരാർ സംഭവിച്ചതോടെ മടക്ക യാത്ര പ്രതിസന്ധിയിലായി. തുടർന്ന് വിമാനവാഹിനി കപ്പലിലെ എൻജിനീയർമാരെത്തി തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ജൂലൈ 2ന് വിദഗ്ധ സംഘമെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് നീണ്ടു പോകുകയായിരുന്നു.
