മലപ്പുറം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ എടിഎമ്മിൽ പണം വരുന്നയിടത്ത് ബോക്സ് ഒളിപ്പിച്ചുവച്ചു തട്ടിപ്പ് നടത്തിയ 2 അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ. നാഗ്പൂർ സ്വദേശികളായ രോഹിത്ത്, മോഹൻലാൽ ചൗധരി എന്നിവരെയാണ് മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് പിടികൂടിയത്.കഴിഞ്ഞ മേയ് 18ന് നിലമ്പൂർ അർബൻ കോപ്പറേറ്റീവ് ബാങ്കിന്റെ കരുളായിയിലെ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചവർക്ക് പണം ലഭിച്ചില്ല. ഇതോടെ ബാങ്ക് അധികൃതരോടു പരാതിപ്പെട്ടു. പരിശോധനയിൽ പണം കൃത്യമായി എടിഎമ്മിൽ നിന്നു പിൻവലിക്കപ്പെട്ടതായി കണ്ടെത്തായി. തുടർന്ന് നടത്തിയ വിശദ അന്വേഷണത്തിലാണ് തട്ടിപ്പു പുറത്തായത്. ആരുമില്ലാത്ത സമയങ്ങളിൽ എടിഎമ്മുകളിലെത്തി പണം വരുന്നയിടത്ത് പ്രത്യേക ബോക്സുകൾ ഒളിപ്പിച്ചുവച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. പിൻവലിക്കുന്നവർക്ക് നോട്ടുകൾ എണ്ണുന്ന ശബ്ദവും പണം എടുക്കണമെന്ന നിർദേശവും ലഭിക്കും. എന്നാൽ പണം ഇവർ ഒളിപ്പിച്ചുവച്ചിരിക്കുന്ന ബോക്സിലേക്കായിരിക്കും പോകുക.പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ മലപ്പുറത്തെ വാണിയമ്പലത്തിലും പാലക്കാട്, തൃശൂർ ജില്ലകളിലും സമാനമായി തട്ടിപ്പു നടത്തിയതായി കണ്ടെത്തി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. തുടർന്ന് നാഗ്പൂരിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
