കാസര്‍കോട്: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാജേര്‍ജ് രാജിവക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെ.എസ്.യു നേതാവിന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ കെ.എസ്.യു ബ്ലോക്ക് വൈസ് പ്രസിഡന്റ് വരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ ഗേറ്റിന് മുന്നില്‍ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. പ്രവര്‍ത്തകര്‍ അക്രമാസക്തരായതോടെ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. അരമണിക്കൂറിന് ശേഷം നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയായിരുന്നു.
