ഇടുക്കി: തൊടുപുഴയിൽ യുവതി വിഷം ഉള്ളിൽച്ചെന്നു മരിച്ച സംഭവം കൊലപാതകമാണെന്നു പൊലീസ്. ഭർത്താവിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പുറപ്പുഴ ആനിമൂട്ടിൽ ഷേർലിയെ (34) കൊലപ്പെടുത്തിയതിനാണ് ഭർത്താവ് ടോണി മാത്യു(43) അറസ്റ്റിലായത്.ജൂൺ 26നാണ് വിഷം ഉള്ളിൽചെന്നതോടെ ഷേർലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടോണി കവിളിൽ കുത്തിപ്പിടിച്ച് കുപ്പിയിലെ വിഷം വായിലേക്ക് ഒഴിച്ചെന്ന് മജിസ്ട്രേട്ടിനും പൊലീസിനും ഷേർലി നൽകിയ മരണമൊഴിയാണ് നിർണായകമായത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് ഷേർലി മരിച്ചത്.ഭർത്താവും ബന്ധുക്കളും ഷേർലിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ചൂണ്ടിക്കാട്ടി ഷേർലിയുടെ പിതാവ് കുന്നക്കാട് ജോൺ പരാതി നൽകിയിരുന്നു. ഷേർലിയുടെയും മകൾ അലീനയുടെയും സ്വർണാഭരണങ്ങൾ ടോണി മദ്യപിക്കാനായി വിറ്റു. കുടുംബം നൽകിയ 6 ലക്ഷം രൂപയും ധൂർത്തടിച്ചെന്നും പരാതിയിൽ പറയുന്നു. ഇയാൾ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം വിഷം കുടിക്കാൻ ഭാര്യയോടു ഇയാൾ പറഞ്ഞു. കുടിച്ചില്ലെങ്കിൽ കുടിപ്പിക്കുമെന്നും പറഞ്ഞു. തുടർന്ന് ബലമായി വിഷം നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
