തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ സഹായം ലഭിച്ചില്ലെങ്കിലും ഓണക്കാലത്ത് സപ്ലൈക്കോ വിൽപനശാലകളും റേഷൻ കടകളും വഴി അധികമായി അരി ന്യായവിലയിൽ വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. സപ്ലൈക്കോയിലൂടെ റേഷൻകാർഡ് ഉടമകൾക്ക് 29 രൂപയ്ക്ക് നൽകുന്ന 2 കിലോഗ്രാം പച്ചരിയും 33 രൂപയ്ക്ക് നൽകുന്ന 8 കിലോഗ്രാം ശബരി റൈസും വീണ്ടും വില കുറച്ച് നൽകും. തെക്കൻ ജില്ലകളിൽ പുഴുക്കലരിയും വടക്കൻ ജില്ലകളിൽ കുറുവ അരിയും കെ റൈസായി നൽകും. അരി പായ്ക്കറ്റും വിലക്കുറവിൽ വിതരണം ചെയ്യും. റേഷൻ കടകളിലൂടെ 53 ലക്ഷം നീല, വെള്ള കാർഡ് ഉടമകൾക്ക് സ്പെഷൽ അരിയും നൽകുമെന്നും മന്ത്രി പറഞ്ഞു.നേരത്തേ ഓണക്കാലത്ത് അധിക അരി വിഹിതം അനുവദിക്കണമെന്ന സംസ്ഥാന സർക്കാർ ആവശ്യം കേന്ദ്രസർക്കാർ തള്ളിയിരുന്നു. ഒരു കാർഡിന് 5 കിലോഗ്രാം അധിക അരി നൽകാനാണ് കേരളം കേന്ദ്രത്തിന്റെ സഹായം തേടിയത്. ആവശ്യമുന്നയിച്ച് സംസ്ഥാന ഭക്ഷ്യമന്ത്രി കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ആവശ്യം ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി അറിയിക്കുകയായിരുന്നു.
