കാസര്‍കോട്: മദ്യശാലയ്ക്കു മുന്നില്‍ പരസ്പരം അടികൂടിയവരെ പിടിച്ചു മാറ്റാന്‍ എത്തിയ പൊലീസുകാരനെ ആക്രമിച്ചതായി പരാതി. വിവരമറിഞ്ഞ് കൂടുതല്‍ പൊലീസ് എത്തി അക്രമികളെ അറസ്റ്റു ചെയ്തു. കുമ്പള, സൂരംബയലിലെ ഋത്വിക് (25), ബേള, പെരിയടുക്ക ഹൗസിലെ ഹരീഷ പാട്ടാളി (43) എന്നിവരെയാണ് കുമ്പള എസ്.ഐ. കെ. ശ്രീജേഷും സംഘവും അറസ്റ്റു ചെയ്തത്. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരം സീതാംഗോളിയിലെ മദ്യശാലക്കു മുന്നിലാണ് സംഭവം. നിസാര പ്രശ്‌നത്തെച്ചൊല്ലി ഋത്വികും ഹരീഷയും പരസ്പരം അടികൂടുകയായിരുന്നുവെന്നു പറയുന്നു. ഈ വിവരമറിഞ്ഞ് സീതാംഗോളി പൊലീസ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഹമ്മദ് ഫഹദ് സ്ഥലത്തെത്തി. ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ അടികൂടിയവര്‍ ഒപ്പം ചേര്‍ന്നു പൊലീസിനെ ആക്രമിക്കുകയായിരുന്നുവത്രെ. ഇതേ തുടര്‍ന്നാണ് എസ്.ഐ.യുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസെത്തി അക്രമികളെ അറസ്റ്റു ചെയ്തതെന്നു അധികൃതര്‍ പറഞ്ഞു.
