കാസര്‍കോട്: വയോധികയുടെ കഴുത്തില്‍ നിന്നു പൊട്ടിച്ചെടുത്ത സ്വര്‍ണ്ണമാല കാസര്‍കോട്ടെ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച നിലയില്‍ കണ്ടെത്തി. കേസില്‍ പ്രതിയായ കാസര്‍കോട്, ചെന്നടുക്കം, ചാലക്കര ഹൗസില്‍ ഇബ്രാഹിം ഖലീലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മാല പണയപ്പെടുത്തിയ സ്ഥാപനത്തെ കുറിച്ച് പൊലീസിനു വിവരം ലഭിച്ചത്. തുടര്‍ന്ന് പയ്യന്നൂര്‍ എസ്‌ഐ യദുകൃഷ്ണനും സംഘവും പ്രതിയെ കാസര്‍കോട്ടെ സ്ഥാപനത്തില്‍ എത്തിച്ച് മാല കണ്ടെടുക്കുകയായിരുന്നു.
ജൂണ്‍ ആറിന് ആണ് കേസിനാസ്പദമായ സംഭവം. പയ്യന്നൂര്‍, കേളോത്തെ മായി ഹൗസില്‍ കാര്‍ത്യായനിയുടെ കഴുത്തില്‍ നിന്നാണ് ഇബ്രാഹിം ഖലീല്‍ മാല പൊട്ടിച്ചെടുത്തത്. ദിവസങ്ങള്‍ക്കു ശേഷം ജൂണ്‍ 19ന് ആണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്തത്.
മാല കണ്ടെടുക്കാന്‍ പ്രതിയെ കാസര്‍കോട്ടെത്തിച്ച പൊലീസ് സംഘത്തില്‍ എഎസ്‌ഐ ദീപക്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ നൗഫത്ത് അഞ്ചില്ലത്ത്, ഷംസുദ്ദീന്‍ എന്നിവരും ഉണ്ടായിരുന്നു.
