കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വൊര്‍ക്കാടിയില്‍ വീടിനു നേരെ വെടിവെയ്പ്. ജനല്‍ ചില്ല് തകര്‍ന്നു. വീട്ടിനകത്തു ഉറങ്ങിക്കിടന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വൊര്‍ക്കാടി, ജംഗ്ഷനു സമീപത്ത് നല്ലങ്കിപ്പദവിലെ ബി.എം ഹരീഷിന്റെ വീടിനു നേരെയാണ് വെടിവയ്പ് ഉണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് സംഭവം. മുറിക്കകത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു ഹരീഷും കുടുംബവും. വലിയ ശബ്ദം കേട്ടാണ് ഞെട്ടി ഉണര്‍ന്നതെന്നു ഹരീഷ പറഞ്ഞു. ലൈറ്റിട്ട ശേഷം വാതില്‍ തുറന്ന് നോക്കുമ്പോള്‍ കാറും സ്‌കൂട്ടറും സ്റ്റാര്‍ട്ട് ചെയ്ത് പോകുന്നതായി കണ്ടുവെന്നും ഹരീഷ് മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മുറിയുടെ ജനല്‍ഗ്ലാസ് വെടിയുണ്ട തുളച്ചുകയറി തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. പിന്നീട് ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധിച്ചു. വെടിയുണ്ടയാണ് തുളച്ചു കയറിയതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മഞ്ചേശ്വരം പൊലീസ് പറഞ്ഞു. നായാട്ടു സംഘം പന്നിക്കു വെടിവച്ചപ്പോള്‍ ലക്ഷ്യം തെറ്റി ജനലില്‍ പതിച്ചിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. പന്നി ശല്യം ഉള്ള പ്രദേശമാണ് നല്ലങ്കിപ്പദവെന്നു കൂട്ടിച്ചേര്‍ത്തു.
