ചെന്നൈ: വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം നവവധു ജീവനൊടുക്കി. സ്ത്രീധനമായി കൊടുക്കാനുള്ള ഒരു പവനേ ചൊല്ലിയുള്ള പീഡനം സഹിക്കാനാവാതെയാണ് യുവതി മരിച്ചതെന്നാണ് വീട്ടുകാരുടെ ആരോപണം.
തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് സംഭവം. ചെന്നൈയിലെ പൊന്നേരിയിലാണ് ലോകേശ്വരി എന്ന 22 കാരി ജീവനൊടുക്കിയത്. വിവാഹത്തിന്റെ മൂന്നാം ദിവസം ഭര്‍ത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയ യുവതി ശുചിമുറിയില്‍ വച്ച് ജീവനൊടുക്കുകയായിരുന്നു. ജൂണ്‍ 27നായിരുന്നു വിവാഹം. വിവാഹസമയത്ത് നാല് പവനും ബൈക്കും സ്ത്രീധനമായി നല്‍കിയ ലോകേശ്വരിയുടെ മാതാപിതാക്കള്‍ ഒരു പവന്‍ നല്‍കാന്‍ സാവകാശം ചോദിച്ചിരുന്നു. വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോള്‍ ഭര്‍തൃ മാതാവും ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയും ശേഷിക്കുന്ന സ്വര്‍ണവും എയര്‍ കണ്ടീഷണറും വീട്ടിലേക്കുള്ള സാധനങ്ങളും ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചതായാണ് ആരോപണം. ഭര്‍ത്താവിന്റെ സഹോദരന് 12 പവന്‍ സ്വര്‍ണം സ്ത്രീധനമായി ലഭിച്ചെന്നും സമാനമായ രീതിയില്‍ സ്വര്‍ണം വേണെന്നുമാണ് 22കാരിയോട് ഭര്‍തൃ കുടുംബം ആവശ്യപ്പെട്ടത്. എന്നാല്‍ ആരോപണം ലോകേശ്വരിയുടെ ഭര്‍തൃകുടുംബം നിഷേധിച്ചു.
യുവതിയുടെ പിതാവ് ഗജേന്ദ്രന്റെ പരാതിയില്‍ പൊലീസ് കേസ് എടുത്തു. രണ്ട് ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ മാത്രം സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണ് ചെന്നൈയിലേത്.
