നീലേശ്വരം: കോട്ടപ്പുറത്തു പ്രവര്‍ത്തിക്കുന്ന പള്ളിക്കര കുടുംബ ക്ഷേമ ഉപകേന്ദ്രം, കോട്ടപ്പുറം കുടുംബ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തണമെന്ന ആവശ്യമുയരുന്നു. നീലേശ്വരം മുസിപ്പാലിറ്റിയിലെ തീരദേശ പ്രദേശമാണ് കോട്ടപ്പുറം. ആനച്ചാല്‍, കൊയാമ്പുറം, ഉച്ചൂളികുതിര്‍, കടിഞ്ഞിമൂല, ചെറുവത്തൂര്‍ പഞ്ചായത്തിലെ അച്ചാംതുരുത്തി, ഓര്‍ക്കുളം, കാരിയില്‍ തുടങ്ങിയ പ്രദേശങ്ങളുടെ സംഗമ കേന്ദ്രമാണിത്. ഇവിടെ നിലവിലുള്ള പള്ളിക്കര കുടുംബ ക്ഷേമ ഉപകേന്ദ്രം കോട്ടപ്പുറം കുടുംബ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആവശ്യം ഉന്നയിച്ച് ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും നിരവധി തവണ ആരോഗ്യ വകുപ്പിന് നിവേദനം നല്‍കിയിരുന്നു. കോട്ടപ്പുറം കുടുംബ ക്ഷേമ ഉപ കേന്ദ്രം സാമൂഹിക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തണമെന്ന് നീലേശ്വരം നഗരസഭാ പ്രമേയം പാസാക്കുകയും വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.
നീലേശ്വരം മുനിസിപ്പാലിറ്റിയിലെ കോട്ടപ്പുറത്തുള്ള പള്ളിക്കര കുടുംബ ക്ഷേമ ഉപകേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തണമെന്ന് ഇന്ത്യന്‍ മീഡിയാ അബുദാബി സെക്രട്ടറി ജനറല്‍, റാഷിദ് പൂമാടം കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനോട് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
