ചെന്നൈ: കുപ്രസിദ്ധ വനം കൊള്ളക്കാരന്‍ വീരപ്പന് സ്മാരകം നിര്‍മിക്കണമെന്ന ആവശ്യവുമായി ഭാര്യ മുത്തുലക്ഷ്മി. വീരപ്പനെ അടക്കം ചെയത സേലം മേട്ടൂരില്‍ സ്മാരകം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എ.പെരിയസ്വാമിയെ മുത്തുലക്ഷ്മി കണ്ടു. വനത്തിന്റെയും വനവിഭവങ്ങളുടെയും സംരക്ഷകനായിരുന്നു വീരപ്പനെന്നും മറ്റു പലരുടെയും പേരില്‍ സ്മാരകങ്ങളുള്ളപ്പോള്‍ വീരപ്പനെ മാത്രം ഒഴിവാക്കുന്നത് എന്തിനാണെന്നും മുത്തുലക്ഷ്മി ചോദിച്ചു. ആവശ്യം മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ശ്രദ്ധയില്‍പെടുത്തണമെന്നും മുത്തുലക്ഷ്മി മന്ത്രിയോട് ആവശ്യപ്പെട്ടു. സ്റ്റാലിനെ അറിയിക്കുമെന്ന് ഉറപ്പു നല്‍കിയാണ് മന്ത്രി മടങ്ങിയത്.
തമിഴക വാഴ്വുരുമെ കച്ചിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ് മുത്തുലക്ഷ്മി. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൃഷ്ണഗിരിയില്‍ എന്‍ടികെ സ്ഥാനാര്‍ഥിയായി മത്സരിച്ച വീരപ്പന്റെ മകള്‍ വിദ്യാറാണി ഒരു ലക്ഷത്തിലധികം വോട്ട് നേടിയിരുന്നു. 2004 ഒക്ടോബര്‍ 18ന് ധര്‍മപുരി പാപ്പിരപ്പട്ടിയില്‍ വച്ച് തമിഴ്‌നാട് ദൗത്യസേനയുടെ വെടിയേറ്റാണ് വീരപ്പന്‍ മരിച്ചത്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അതിര്‍ത്തികളില്‍ ഉള്‍പ്പെടുന്ന 16,000 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശത്ത് 30 വര്‍ഷത്തോളമാണ് വീരപ്പന്‍ കഴിഞ്ഞത്. പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 184 പേരെ വീരപ്പന്‍ കൊലപ്പെടുത്തിയെന്നാണ് കണക്ക്. കന്നഡ നടന്‍ രാജ്കുമാറിനെയും കര്‍ണാടക മുന്‍ മന്ത്രി നാഗപ്പയെയും ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖരെ തട്ടിക്കൊണ്ടുപോയി വിലപേശി. 100 കോടി രൂപ വീരപ്പനെ പിടികൂടാന്‍ സര്‍ക്കാര്‍ ചെലവഴിച്ചെന്നാണ് കണക്ക്.
