തെലങ്കാന: കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരണം 42 കടന്നു. രക്ഷപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇനിയും ആളുകള്‍ കുടുങ്ങി കിടപ്പുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. തകര്‍ന്ന സ്ഥലത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് തുടരുകയാണ്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് പൊട്ടിത്തെറി ഉണ്ടായത്. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ പസമൈലാരം ഫേസ് 1 പ്രദേശത്തുള്ള സിഗാച്ചി ഫാര്‍മ കമ്പനിയിലായിരുന്നു സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ തിങ്കളാഴ്ച പതിമൂന്ന് പേര്‍ മരണപ്പെട്ടിരുന്നു. അഞ്ച് പേര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റുള്ളവര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചതെന്നാണ് വിവരം. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ 11 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അഗ്‌നി രക്ഷാ സേനയും ദേശീയ ദുരന്തനിവാരണസേനയും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയില്‍ വലിയതോതില്‍ തീപടരുകയായിരുന്നു. മരിച്ചവരെല്ലാം ഫാക്ടറിയിലെ തൊഴിലാളികളാണ്. 150 ഓളം തൊഴിലാളികള്‍ അപകടസമയത്ത് ഫാക്ടറിയിലുണ്ടായിരുന്നെന്നും ഇതില്‍ 90 പേര്‍ പൊട്ടിത്തെറിയുണ്ടായ സ്ഥലത്തിന് സമീപമാണ് ജോലി ചെയ്തിരുന്നതെന്നാണ് വിവരം. തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയും മന്ത്രിസഭാംഗങ്ങളും സ്‌ഫോടന സ്ഥലം സന്ദര്‍ശിച്ചു. ആരോഗ്യമന്ത്രി സി ദാമോദര്‍ രാജനരസിംഹയും സ്ഥലത്തെത്തി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി മന്ത്രി പറഞ്ഞു.
