വാരണാസി: 18 മാസം പ്രായമുള്ള പെണ്‍കുട്ടി കടല വേവിക്കുന്ന കലത്തില്‍ വീണ് പൊള്ളലേറ്റ് മരിച്ചു. ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്രയിലെ ധൂധിയിലാണ് സംഭവം. പ്രിയ എന്ന കുഞ്ഞാണ് ദാരുണമായി മരണപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷിതാക്കള്‍ വെള്ളിയാഴ്ച തന്നെ മൃതദേഹം വീട്ടിലെത്തിച്ചു. ആശുപത്രിയില്‍ നിന്ന് വിവരം അറിഞ്ഞ് പരിശോധനയ്ക്ക് പൊലീസ് എത്തിയപ്പോഴേയ്ക്കും കുഞ്ഞിന്റെ സംസ്‌കാരം കഴിഞ്ഞിരുന്നു. ഇവരുടെ മറ്റൊരു പെണ്‍കുട്ടി സൗമ്യ രണ്ടുവര്‍ഷം മുമ്പ് ഇതേ ദിവസം പരിപ്പ് വേവിച്ചുകൊണ്ടിരുന്ന പാത്രത്തില്‍ വീണ് മരിച്ചിരുന്നു.
ചെറിയ തട്ടുകടയില്‍ ചാട്ട് വിഭവങ്ങളുടെ കട നടത്തുന്ന ശൈലേന്ദ്ര എന്നയാളാണ് കുട്ടിയുടെ പിതാവ്. വെള്ളിയാഴ്ച പാനീ പൂരി ഉണ്ടാക്കുന്നതിനായി കടല വേവിക്കുമ്പോഴാണ് അപകടമെന്നാണ് വിവരം. കുഞ്ഞിന്റെ മാതാവ് മറ്റൊരു മുറിയിലേക്ക് പോയ സമയത്ത് 18 മാസം പ്രായമുള്ള മകള്‍ പ്രിയ കലത്തിലേക്ക് വീണുവെന്നാണ് ശൈലേന്ദ്ര പൊലീസിന് നല്‍കിയ മൊഴി. മകളുടെ നിലവിളി കേട്ടെത്തിയ മാതാവ് കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ഗുരുതരാവസ്ഥ മനസിലാക്കിയ ആശുപത്രി അധികൃതര്‍ കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. ഇവിടെ വച്ചാണ് കുട്ടി മരണപ്പെട്ടത്.
