ന്യൂഡൽഹി: ട്രെയിൻ തത്കാൽ ടിക്കറ്റ് ബുക്കിങ്ങിൽ റെയിൽവേ പ്രഖ്യാപിച്ച മാറ്റം നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ആധാർ ഉപയോഗിച്ച് വെരിഫൈ ചെയ്ത ഉപഭോക്താക്കൾക്കു മാത്രമേ ഐആർടിസി വെബ്സൈറ്റ് വഴിയോ ആപ് വഴിയോ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ. ജൂലൈ 15 മുതൽ തത്കാൽ ബുക്കിങ്ങിന് ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപിയും നിർബന്ധമാക്കും. ഇതോടെ റെയിൽവേയുടെ പിആർഎസ് കൗണ്ടറുകൾ വഴിയും അംഗീകൃത ഏജന്റുമാർ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒടിപി വെരിഫിക്കേഷൻ നിർബന്ധമാക്കും. അംഗീകൃത ടിക്കറ്റിങ് ഏജന്റുമാർക്ക് എസി ക്ലാസുകൾക്ക് രാവിലെ 10 മുതൽ 10.30 വരെയും നോൺഎസി ക്ലാസുകൾക്ക് രാവിലെ 11 മുതൽ 11.30 വരെയും തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവാദം ഉണ്ടാകില്ലെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.നിരക്ക് വർധനയും നാളെ മുതൽ പ്രാബല്യത്തിൽ11 വർഷങ്ങൾക്കു ശേഷം ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച നടപടിയും നാളെ മുതൽ പ്രാബല്യത്തിൽ വരും. നോൺ എസി മെയിൽ / എക്സ്പ്രസ് ട്രെയിനുകളുടെ യാത്രാനിരക്ക് കിലോമീറ്ററിനു ഒരു പൈസ വീതമാകും വർധിപ്പിക്കുക. എസി ക്ലാസുകളിൽ കിലോമീറ്ററിന് 2 പൈസ വീതം വർധിക്കും.എസി ത്രീടയർ, ചെയർകാർ, ടു ടയർ എസി, ഫസ്റ്റ് ക്ലാസ് എന്നിവയ്ക്കാണ് 2 പൈസ വർധിപ്പിക്കുന്നത്. സെക്കൻഡ്ക്ലാസ്, സ്ലീപ്പർ ടിക്കറ്റുകൾക്ക് കിലോമീറ്ററിനു ഒരു പൈസ വീതവും വർധിക്കും. 500 കിലോമീറ്റർ വരെയുള്ള സബേർബൻ, സെക്കൻഡ് ക്ലാസ് യാത്രയ്ക്ക് നിരക്ക് വർധന ബാധകമല്ല. 500 കിലോമീറ്ററിൽ കൂടിയാൽ കിലോമീറ്ററിനു അര പൈസയാകും വർധിക്കുക. എന്നാൽ പ്രതിമാസ സീസൺ ടിക്കറ്റ് നിരക്കിൽ മാറ്റം ഉണ്ടാകില്ല. മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകളുടെ നിരക്കിലും മാറ്റമുണ്ടാകില്ല.
