തൃശൂർ: പുതുക്കാട് അവിവാഹിതരായ ദമ്പതികൾ നവജാതശിശുക്കളെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് കുഴികൾ തുറന്ന് പരിശോധിക്കും. ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട ഒന്നാം പ്രതി അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫൊറൻസിക് സംഘം പരിശോധന നടത്തുക. നേരത്തേ ഇരുവരെയും വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഞായറാഴ്ച പുലർച്ചെ 12.20ഓടെ ആമ്പല്ലൂർ സ്വദേശി ഭവിൻ നവജാത ശിശുക്കളുടെ അസ്ഥിയുമായി പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് കുറ്റകൃത്യം പുറത്തായത്. സുഹൃത്തായ യുവതിയിൽ ജനിച്ച കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചിട്ടെന്നും അവരുടെ അസ്ഥികളാണിതെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. തുടർന്നാണ് സുഹൃത്തായ അനീഷയെ(22) അറസ്റ്റ് ചെയ്തത്. പ്രണയത്തിലായിരുന്ന ഇരുവർക്കും 2012ലും 2014ലും ജനിച്ച കുഞ്ഞുങ്ങളെ താൻ കൊന്നതായി അനീഷ മൊഴി നൽകി. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊന്നതായി അനീഷ സമ്മതിച്ചത്. തുടർന്ന് കൊലപാതകത്തിനും ഗൂഢാലോചനയ്ക്കും പൊലീസ് കേസെടുത്തു. അനീഷ മറ്റൊരു വിവാഹത്തിനൊരുങ്ങുന്നെന്ന സംശയത്തിൽ ഇതു തടയാനാണ് ഭവിൻ സംഭവം വെളിപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
