ന്യൂഡൽഹി: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റിസർവേഷൻ ചാർട്ട് തയാറാക്കാൻ റെയിൽവേ തീരുമാനം. നിലവിൽ 4 മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. യാത്ര ആസൂത്രണം ചെയ്യുന്നതിൽ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളവർ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് നടപടി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതോടെ ഉച്ചയ്ക്ക് 2ന് മുൻപ് പുറപ്പെടുന്ന ട്രെയിനുകൾക്ക് റിസർവേഷൻ ചാർട്ട് തലേദിവസം രാത്രി 9ന് തയാറാക്കും.
ട്രെയിനിലെ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ ബെർത്തിന്റെ എണ്ണത്തിന്റെ 25 ശതമാനമായി വെട്ടിക്കുറച്ച നടപടി പിൻവലിച്ചിട്ടുണ്ട്. ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനിൽ നിന്ന് ഓരോ വിഭാഗത്തിലെയും മൊത്തം ബെർത്തുകളുടെ എണ്ണത്തിന്റെ 60% വരെ വെയ്റ്റിങ് ലിസ്റ്റുകൾ നൽകാമെന്ന് റെയിൽവേ ബോർഡ് പാസഞ്ചർ മാർക്കറ്റിങ് വിഭാഗം ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇടയ്ക്കുള്ള സ്റ്റേഷനുകളിലെ യാത്രക്കാർക്ക് ഇതു 30 ശതമാനമായിരിക്കും. തത്കാൽ ടിക്കറ്റിനും ഇതു ബാധകമായിരിക്കും. റിസർവേഷൻ കോച്ചുകളിലെ തിരക്ക് കുറയ്ക്കാനാണ് ജൂൺ 16ന് വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചത്. എന്നാൽ നടപടി അശാസ്ത്രീയമാണെന്ന ആക്ഷേപം ശക്തമായതിനെ തുടർന്നാണ് മാറ്റം.
