കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജില്‍ നടപ്പാക്കുന്ന അഞ്ചു പദ്ധതികള്‍ മന്ത്രി ആര് ബിന്ദു ഉദ്ഘാടനം ചെയ്തു. ലോക പ്രശസ്തമായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസും എല്ബിഎസുമായുള്ള പഠന-പരിശീലന-തൊഴില്‍ മേഖലാ ധാരണ പത്രം ചടങ്ങില്‍ കൈമാറി.
ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബ്ലോക്ക്, അഡീഷണല്‍ ക്ലാസ് മുറികളുടെ ഉദ്ഘാടനം എന്നിവയും മന്ത്രി നിര്‍വ്വഹിച്ചു. സിഎച്ച് കുഞ്ഞമ്പു എംഎല്‍എ, ടി.സി.എസ് പ്രതിനിധികള്‍, എല്‍ബിഎസ് മേധാവികള്‍ സംബന്ധിച്ചു. എളേരിത്തട്ട് ഗവ. കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന മന്ത്രി തുടര്‍ന്നു കണ്ണൂര്‍ ഗവ. വനിതാ കോളേജ് ഓഡിറ്റോറിയം ഉദ്ഘാടനവും ചെയ്യും.
