സഹോദരിയുടെ വിവാഹനിശ്ചയത്തിനായി സാരി വാങ്ങി, ആദ്യദിനം തന്നെ കളർ നഷ്ടമായി; തുണിക്കടയ്ക്ക് 36,500 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി

കൊച്ചി: സഹോദരിയുടെ വിവാഹനിശ്ചയത്തിനായി വാങ്ങിയ സാരിയുടെ കളർ പോയി ഉപയോഗശൂന്യമായ കേസിൽ തുണിക്കടയ്ക്ക് 36,500 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി. എറണാകുളം കൂവപ്പടി സ്വദേശി ജോസഫ് നിക്ളാവോസ് ആലപ്പുഴയിലെ ഇഹാ ഡിസൈൻസ് എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഉപഭോക്താവ് പരാതിപ്പെട്ടപ്പോൾ യാതൊരു നടപടിയും സ്വീകരിക്കാത്ത സ്ഥാപന നിലപാടിനെയും ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ചോദ്യം ചെയ്തു. സഹോദരിയുടെ വിവാഹനിശ്ചയത്തിനായി ഭാര്യയ്ക്കും മറ്റു ബന്ധുക്കൾക്കും 89,199 രൂപയ്ക്ക് 14 സാരികളാണ് പരാതിക്കാരനായ ജോസഫ് വാങ്ങിയത്. മികച്ച ഗുണമേന്മയുള്ളവയെന്ന് സ്ഥാപനം വിശ്വസിപ്പിച്ചുവെന്ന് പരാതിക്കാരൻ പറയുന്നു. അതിൽ 16,500 രൂപ വിലയുള്ള സാരി ഉടുത്തപ്പോൾ ആദ്യ ദിവസം തന്നെ നിറം മങ്ങി. നിറം നഷ്ടമായത് പരാതിക്കാരനും ഭാര്യയ്ക്കും ഏറെ വിഷമം ഉണ്ടാക്കി. തുടർന്ന് ഇ–മെയിൽ, വക്കിൽനോട്ടിസ് എന്നിവയിലൂടെ സാരിയുടെ പ്രശ്നം സ്ഥാപനത്തെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. എതിർകക്ഷിയുടെ നടപടി അംഗീകരിക്കാൻ കോടതികൾക്ക് കഴിയില്ലെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. സാരിയുടെ വിലയായ 16,500 രൂപ പരാതിക്കാരന് തിരിച്ചു നൽകണമെന്നും കൂടാതെ, നഷ്ടപരിഹാരം, കോടതി ചെലവ് എന്നിവക്ക് 20,000 രൂപയും 45 ദിവസത്തിനകം നൽകണമെന്നുമാണ് കോടതി ഉത്തരവിട്ടത്. പരാതിക്കാരന് വേണ്ടി അഡ്വ.ആൽവിൻ ജ്വൽ എസ്.എസ് ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page